Overblog
Edit post Follow this blog Administration + Create my blog

ന്താ പേര് ? മമ്മൂട്ടീന്നാ ..

November 5 2019 , Written by SHAKHIR MEPPARAMBA

 

ന്താ പേര്?
മമ്മൂട്ടീന്നാ...💕😎
------------------
കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കാണ് യാത്ര. സമയം രാത്രി രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. നേരിയ നിലാവുണ്ടായിരുന്നു. റോഡൊക്കെ വിജനമായിക്കിടക്കുന്നതു കൊണ്ട് നല്ല സ്പീഡിലാണ് ഡ്രൈവ്. പുതിയതായി വാങ്ങിയ കാറ് ഓടിക്കുന്ന ത്രില്ല് വേറെയും.

ഏതോ ഒരങ്ങാടിയുടെ വെളിച്ചം കഴിഞ്ഞ് ഒഴിഞ്ഞ റോഡിൽ കാറ് പറപറക്കുകയാണ്. ഒരു കലുങ്കിന്റെ അടുത്തെത്തിയപ്പോൾ പെട്ടെന്ന് ഒരു വൃദ്ധൻ കാറിനു മുന്നിലേക്കിറങ്ങി കൈകാണിച്ചു. ആ നേരത്ത് അങ്ങനെ ഒരാൾ മുന്നിലേക്ക് വരുന്നത് പ്രതീക്ഷിക്കില്ലല്ലോ. ഞാൻ പെട്ടെന്ന് വണ്ടി ഇടത്തോട്ടു വെട്ടിച്ചു. റോഡിൽ നിന്നും പുറത്തേക്കിറങ്ങാതിരിക്കാൻ വീണ്ടും വലത്തോട്ടു വെട്ടിച്ചു ബ്രേക്കിട്ടു. വണ്ടി ആടിയുലഞ്ഞ് കുറച്ച് മുന്നിൽ പോയാണ് നിന്നത്. രാത്രിയായതുകൊണ്ട് ബ്രേക്കിട്ട ശബ്ദം ദൂരെയൊക്കെ കേട്ടുകാണും. കാറിൽ നിന്നിറങ്ങി. ഭാഗ്യത്തിന് അയാൾക്കൊന്നും പറ്റിയില്ല. മനസ്സിലെ ദേഷ്യം പറയാനൊരുങ്ങിയപ്പോഴാണ് അയാൾ കലുങ്കിന്റെ അടുത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചത്. ഒരു പെൺകുട്ടി ക്ഷീണിച്ചുകിടക്കുന്നു. വേദന കടിച്ചുപിടിക്കുന്നതിന്റെ ഞരക്കം കേൾക്കാം.

"കുട്ടിക്ക് പള്ളേല്ണ്ട്. വേദന തൊടങ്ങീന്നാ തോന്നണത്. ആസ്പത്രീല് കൊണ്ടോവാൻ സഹായിക്കണം.ങ്ങളെ പടച്ചോൻ തൊണയ്ക്കും" - ആ വൃദ്ധൻ കിതപ്പിനിടയിൽ പറഞ്ഞൊപ്പിക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

മനസ്സിലെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവരെയും കയറ്റി ആശുപത്രിയിലേക്ക് കാറോടിച്ചു. പറപ്പിച്ചു എന്ന് പറയുന്നതാവും ശരി. ആ കുട്ടിയുടെ കരച്ചിൽ കേട്ടുനിൽക്കാൻ കഴിയില്ലായിരുന്നു. വൃദ്ധന് എഴുപതിലേറെ വയസ്സുണ്ടാവും. പെൺകുട്ടിക്ക് ഇരുപതിനടുത്തും. സംസാരത്തിനിടയിൽ അതയാളുടെ പേരകുട്ടിയാണെന്നു മനസ്സിലായി.

മഞ്ചേരി സർക്കാർ ആശുപത്രിയുടെ വരാന്തയോട് ചേർത്ത് വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് കാഷ്വാൽറ്റിയിൽ നിന്നും നാലഞ്ചുപേർ ഓടിവന്നു. ആ വൃദ്ധൻ എന്തോ പറഞ്ഞതു കേട്ട് അവർ കുട്ടിയെ പുറത്തിറക്കി അകത്തേക്കു കൊണ്ടുപോയി. ആ അരണ്ട വെളിച്ചത്തിലും തിരക്കിലും എന്നെയാരും ശ്രദ്ധിച്ചിരുന്നില്ല. ഞാൻ വണ്ടി തിരിക്കുന്നതിനിടെ അദ്ദേഹം എന്റെയടുത്തേക്കു വന്നു.

"വെല്യ ഉപകാരായി. പടച്ചോന്റെ കൃപ. ന്താ പേര്?"

"മമ്മൂട്ടീന്നാ"❤💕😎

പേര് പറഞ്ഞിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല. എവിടെയോ കണ്ട് പരിചയമുള്ള മുഖമാണെന്നുപോലും അയാൾക്കു തോന്നിയില്ല.

"ന്താ പരിപാടി?" ഞാൻ ചോദിച്ചു.

"ചൊമടാ. മോളെ കുട്ട്യാണ്. ബാപ്പല്ല" അയാൾ മുണ്ടിന്റെ കോന്തലയിൽ നിന്ന് എടുത്തൊരു കടലാസ്സ് എനിക്കു തന്നു.

"ഒരു സന്തോഷാന്ന് കരുത്യാ മതി" - അത് പറഞ്ഞ് പെട്ടന്ന് അകത്തേക്ക് പോയി.❤💕

ചുക്കിച്ചുളുങ്ങിയൊരു രണ്ടു രൂപയായിരുന്നു അത്. എന്തിനു തന്നുവെന്ന് എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷെ രണ്ടുപേരുടെ ബസ്സ്കൂലിയായിരിക്കണം.

കൂലിയുടെ വില നോട്ടിൽ മാത്രമല്ല, അതു കൊടുക്കുന്നവരുടെ മനസ്സിന്റെ തെളിച്ചത്തിൽ കൂടിയാണെന്നു പഠിപ്പിച്ച ആ മനുഷ്യനെയും രണ്ടുരൂപയും ഞാനിന്നുമോർക്കാറുണ്ട്.! ❤💕

-മമ്മൂട്ടി (Mammootty)

പുസ്തകം- ഓർമ്മ (മൾബറി)
എഡിറ്റർ - ഷെൽവി

#Adv Jahangeer

 

Share this post
Repost0
To be informed of the latest articles, subscribe:
Comment on this post